ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇടവെട്ടി പഞ്ചായത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹം ഐതിഹ്യപ്രകാരം നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇടവെട്ടി ചിറയുടെ കരയില്‍ ഉണ്ടായിരുന്ന രണ്ടു വെട്ടിമരങ്ങള്‍ക്കിടയില്‍ നിന്നും കിട്ടിയതുകൊണ്ടാണ് ഈ പ്രദേശം ഇടവെട്ടി എന്നറിയപ്പെടുന്നത്. യാഗഫലമായി മഴ പെയ്ത് ചിറയായി രൂപാന്തരപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഇടവെട്ടി ചിറക്ക് 7.5 ഏക്കറോളം വിസ്തൃതി ഉണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ ഇന്നത് ശോഷിച്ച് 3.5 ഏക്കറില്‍ ഒതുങ്ങിയിരിക്കുന്നു. എ.ഡി 900-ങ്ങളില്‍ കേരളചരിത്രത്തില്‍ പറയുന്നതുപോലെ 16 സാമ്രാജ്യങ്ങളുണ്ടായിരുന്ന കേരളത്തിലെ കീഴ്മലൈനാട് സാമ്രാജ്യത്തിന് കീഴിലായിരുന്നു ഈ പ്രദേശം. 700 വര്‍ഷത്തിനുശേഷം ഈ പ്രദേശം വടക്കുംകൂര്‍ രാജവംശത്തിന്റെ കീഴിലായി. ഇടവെട്ടി പഞ്ചായത്തിന്റെ പൂര്‍വ്വ പഞ്ചായത്തായ കാരിക്കോടായിരുന്നു കീഴ്മലൈനാട് രാജവംശത്തിന്റെ ആസ്ഥാനം. കീഴ്മലൈനാടിന്റെയും വടക്കുംകൂറിന്റെയും പുരാതന അവശിഷ്ടങ്ങള്‍ ഇവിടെ ഇന്നും കാണുവാന്‍ കഴിയും. കീഴ്മലൈനാടിന്റെ തലസ്ഥാനമായിരുന്ന കാരിക്കോട് നിന്നും പാണ്ഡ്യരാജ്യത്തേക്ക് വ്യാപാരാവശ്യത്തിനും പടയോട്ടത്തിനും വേണ്ടി നിര്‍മ്മിച്ച രാജപാതയുടെ അവശിഷ്ടങ്ങള്‍ നടയം തറപ്പേല്‍ പുരയിടത്തില്‍ സമീപകാലം വരെ ദൃശ്യമായിരുന്നു. ആ സാമ്രാജ്യം എ.ഡി. 1600 ല്‍ വടക്കുംകൂര്‍ രാജവംശത്തില്‍ ലയിച്ചു. അങ്ങനെ തൊടുപുഴകാരിക്കോടിഇടവെട്ടിഉടുമ്പന്നൂര്‍ പ്രദേശങ്ങള്‍ വടക്കുംകൂറിന്റെ ഭാഗമായിത്തീരുകയും വേമ്പനാട്ടുകായല്‍ മുതല്‍ സഹ്യനിരകള്‍ വരെ വിസ്തൃതമായി തീര്‍ന്ന ഒരു രാജ്യത്തിന്റെ പ്രദേശങ്ങള്‍ എന്ന നിലയില്‍ സുപ്രസിദ്ധമായി തീരുകയും ചെയ്തു. കാരിക്കോട്ടു നിന്നും തെക്കുംഭാഗം പ്രദേശങ്ങളിലേക്ക് പോകുന്ന ഇന്നത്തെ റോഡ്പുരാതനകാലത്ത് വടക്കുംകൂര്‍ രാജവംശത്തിന്റെ കൊട്ടാരം ഇരുന്ന സ്ഥലത്തു കൂടിയാണ് മുറിച്ച് കടന്നുപോകുന്നത്. പഞ്ചായത്തിന്റെ വടക്കേ അറ്റമായ ആര്‍പ്പാമറ്റത്താണ് വടക്കുംകൂര്‍ രാജവംശത്തിന്റെ പട്ടാളം പരിശീലനം നടത്തിയിരുന്ന പ്രദേശം. വടക്കുംകൂറിലെ തമ്പുരാട്ടിമാര്‍ താമസിച്ചിരുന്ന അന്തപുരങ്ങളുടേയും അവര്‍ നീരാട്ട് നടത്തിയിരുന്ന കുളത്തിന്റെയും അവശിഷ്ടങ്ങള്‍ ഇന്നും പഞ്ചായത്തിന്റെ വടക്കുകിഴക്ക് മേഖലയായ ചിറകണ്ടത്ത് കാണുവാന്‍ കഴിയും. ഈ കാലഘട്ടത്തിലെന്നോ പഞ്ചായത്തു മേഖലയിലെ ഇന്നത്തെ ഫോറസ്റ്റ് ഡിപ്പോഒറ്റത്തേല്‍ പുരയിടം എന്നീ പ്രദേശങ്ങളില്‍ സാംസ്കാരിക സമ്പന്നരായ ഒരു ജനത വസിച്ചിരുന്നതിന്റെ അടയാളമായി ചെത്തിയെടുത്ത വെട്ടുകല്ലുകളുടെ അവശിഷ്ടങ്ങളും മണിക്കിണര്‍ എന്ന കിണറിന്റെ ഭാഗവും ഇന്നും ദൃശ്യമാണ്. ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിനു സംഭാവനകള്‍ നല്‍കിയിരുന്നവരില്‍ പ്രമുഖരാണ് കോടമുള്ളില്‍ ചാക്കോച്ചന്‍ വൈദ്യര്‍, ഐ.സി.ചാക്കോ ചെമ്പരത്തിക്കല്‍, വറുഗീസ് ജോസഫ് കോടമുള്ളില്‍, പി.എല്‍.മത്തായിസി.വി.കുര്യന്‍ ചെട്ടിക്കാട്ട് എന്നിവര്‍. ഇവരുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് വേണ്ടി ചെറിയ ചെറിയ ജാഥകളും മറ്റും നടത്തിയിട്ടുണ്ട്. ഇതില്‍ ചാക്കോച്ചന്‍ വൈദ്യര്‍ ദീര്‍ഘകാലത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയും മര്‍ദ്ദന മുറകള്‍ക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. ഇടവെട്ടി പഞ്ചായത്തില്‍ മലങ്കര എസ്റ്റേറ്റിന്റെ മിച്ചഭൂമി ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് വിതരണം ചെയ്യണം എന്നാവശ്യപ്പെട്ട് നടന്ന സമരം പ്രസിദ്ധമാണ്. വികസന ചരിത്രം കാട്ടുമൃഗങ്ങളോടും പകര്‍ച്ചവ്യാധികളോടും മല്ലടിച്ചാണ് ആദ്യകാല കര്‍ഷകര്‍ ഈ പ്രദേശം ഒരു കാര്‍ഷിക മേഖലയാക്കി മാറ്റിയത്. ആദ്യകാല കൃഷിക്കാര്‍ ഉപജീവനത്തിനായി ഭക്ഷ്യ വിളകളാണ് കൃഷി ചെയ്തിരുന്നത്. വിരിപ്പുകൃഷികപ്പവാഴചേനചേമ്പ് തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. ക്രമേണ നാണ്യവിളകളായ തെരുവപ്പുല്ല്തെങ്ങ്കുരുമുളക്ഇഞ്ചിമഞ്ഞള്‍, കച്ചോലം തുടങ്ങിയവ കൃഷി ചെയ്യാന്‍ ആരംഭിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ കൃഷിരീതിയിലും ഭൂവിനിയോഗത്തിലും കാലാവസ്ഥയിലും ഉണ്ടായ മാറ്റങ്ങള്‍ക്കനുസൃതമായി പഴയ തെരുവപ്പുല്ല് തുടങ്ങിയ കൃഷികള്‍ അപ്രത്യക്ഷമാവുകയും ആ സ്ഥാനം റബ്ബര്‍ കൈയ്യടുക്കുകയും ചെയ്തു. റബ്ബര്‍ കൃഷി സാമ്പത്തികമുന്നേറ്റം ഉണ്ടാക്കി എങ്കിലും മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയുകയും ഭക്ഷ്യവിള ഉത്പാദനം മുരടിക്കുകയും ചെയ്തു എന്നത് ഒരു യഥാര്‍ത്ഥ്യമാണ്. വ്യാപകമായ റബ്ബര്‍ കൃഷി കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. കൂടുതലും പാറക്കെട്ടുകള്‍ ചേര്‍ന്ന കുന്നുംപ്രദേശങ്ങളും ചെരിവുപ്രദേശങ്ങളും സമതലങ്ങളും ചേര്‍ന്നതാണ് ഇടവെട്ടി പഞ്ചായത്ത്. തൊടുപുഴയുടെ തെക്കു കിഴക്കന്‍ മലകളിലെ വനവിഭവങ്ങളും ആദിവാസികളുടെ കാര്‍ഷിക ഉത്പന്നങ്ങളും സംഭരിക്കുന്നതിനും തൊടുപുഴയിലെ ആദ്യകാല വ്യാപാരികള്‍ നിര്‍മ്മിച്ച കാട്ടുപാതയാണ് ഇന്നത്തെ തൊടുപുഴ-വെള്ളിയാമറ്റം റോഡ്. കൂടാതെ മലങ്കര റബ്ബര്‍ കമ്പനി സ്ഥാപിതമായ കാലത്ത് കമ്പനി ആവശ്യത്തിനുവേണ്ടി നിര്‍മ്മിക്കുകയും സംരക്ഷിച്ചുപോരുകയും ചെയ്തിട്ടുള്ള കാരിക്കോട്-മലങ്കര ഗെയ്റ്റ് റോഡുമാണ് ഈ പഞ്ചായത്തിലെ പുരാതനവും പ്രധാനവുമായ റോഡുകള്‍. 1929-ല്‍ തന്നെ ഗവ.എല്‍.പി സ്കൂള്‍ തൊണ്ടിക്കുഴ ചാലംക്കോട്ട് സ്ഥാപിക്കപ്പെട്ടു. പിന്നീട് അത് അപ്പര്‍ പ്രൈമറി സ്കൂളാക്കി ഉയര്‍ത്തപ്പെട്ടു. 1940 ല്‍ സ്ഥാപിക്കപ്പെട്ടതാണ് കല്ലാനിക്കല്‍ സെന്റ് ജോര്‍ജ്ജ് യു.പി സ്കൂള്‍. തുടര്‍ന്ന് അതേ പേരില്‍ തന്നെ ഹൈസ്കൂളും സ്ഥാപിതമായി. 1979 വരെ പഞ്ചായത്തിലെ ആരോഗ്യരംഗം ഏതാനും നാട്ടുവൈദ്യന്‍മാരെയും തൊടുപുഴ പട്ടണത്തിലെ സര്‍ക്കാര്‍ ആശുപത്രിയേയും ആണ് ആശ്രയിച്ചിരുന്നത്. ആധുനിക ചികിത്സാസ്ഥാപനങ്ങള്‍ ആദ്യകാലത്ത് ഒന്നും പഞ്ചായത്തില്‍ ഉണ്ടായിരുന്നില്ല. ചരടില്‍ ജപിക്കുകവെള്ളം മന്ത്രിക്കുകപള്ളികളിലേക്കും കാവുകളിലേക്കും വഴിപാടുകള്‍ നേരുക എന്നീ സമ്പ്രദായങ്ങള്‍ വ്യാപകമായി നിലവില്‍ ഉണ്ടായിരുന്നു. 1979 ല്‍ സ്ഥാപിക്കപ്പെട്ട തെക്കുംഭാഗം ഗവണ്‍മെന്റ് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയാണ് പഞ്ചായത്തിലെ പ്രഥമ ആരോഗ്യ സ്ഥാപനം.